Kerala
RSS ചിന്ത പേറുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാന്‍ യോഗ്യരല്ല: കെ സി വേണുഗോപാൽ
തിരുവനന്തപുരം: ആര്‍എസ്എസ് ചിന്ത തലച്ചോറില്‍ പേറുന്നവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാന്‍ യോഗ്യരല്ലെന്ന് കെ സി വേണുഗോപാല്‍ എംപി.
ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസിന് കുഴലൂതുന്ന സംസ്കാരത്തെ വളരാനോ വളര്‍ത്താനോ അനുവദിക്കില്ലെന്നും ചടങ്ങില്‍ പങ്കെടുത്ത വിസിമാര്‍ പ്രബുദ്ധ കേരളത്തിന് അപമാനമാണെന്നും അദ്ദേഹം തുറന്നടിച്ചു.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആര്‍എസ്എസ് ചിന്ത തലച്ചോറില്‍ പേറുന്നവര്‍, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാന്‍ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല. സ്വയം രാജിവെച്ച് ഗവര്‍ണറുടെ സംരക്ഷണയില്‍ നിന്ന് ആര്‍എസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവര്‍ക്കും നല്ലതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മൂവരും അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആര്‍എസ്എസ് ശാഖകളില്‍ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടതെന്നും വേണുഗോപാല്‍ വിമര്‍ശിച്ചു.