Sports
കാര്യവട്ടത്ത് കിവീസിനെ തകർത്തെറിഞ്ഞ് നീലപ്പട; ഇന്ത്യയ്ക്ക് മിന്നും ജയം
കാര്യവട്ടം ട്വന്റി -20 ഇന്ത്യക്ക് തകർപ്പൻ ജയം. ന്യൂസീലൻഡിനെ 46 റൺസിന് തോൽപ്പിച്ചു. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 19.4 ഓവറിൽ 225 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കി. ഇഷാൻ കിഷന്റെ മിന്നും സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപാണ് ബൗളിങ്ങിൽ ഇന്ത്യയ്ക്ക് കരുത്തായത്. അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റും വീഴ്ത്തി കിവീസിനെ സമ്മർദത്തിലാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവീസിന് തുടക്കം മുതൽ തിരിച്ചടിയായിരുന്നു. ഓപ്പണർ ടിം സെയ്ഫോർട്ടിനെ ആദ്യ ഓവറിൽ തന്നെ നഷ്ടപ്പെട്ടു. പിന്നീടെത്തിയ രചിൻ-ഫിൻ അലൻ കൂട്ടുക്കെട്ട് കിവീസിന് ആശ്വാസം പകരുന്ന ഇന്നിങ്സാണ് കാഴ്ചവെച്ചത്. ഇരുവരും 48 പന്തിൽ നിന്ന് 100 റൺസ് പാർട്ണർഷിപ്പാണ് അടിച്ചുകൂട്ടിയത്. ഫിൻ അലൻ വെല്ലുവിളിയായി ഉയർന്നെങ്കിലും അക്ഷർ പട്ടേൽ മടക്കി. 38 പന്തിൽ നിന്ന് 80 റൺസെടുത്തായിരുന്നു അലന്റെ ഇന്നിങ്സ്. പിന്നീടെത്തിയ ആർക്കും ഇന്ത്യയുടെ റൺമലയ്ക്ക് മുന്നിൽ വെല്ലുവിളി ഉയർത്താൻ കഴിഞ്ഞില്ല. രചിൻ രവീന്ദ്ര 30 റൺസെടുത്ത് പുറത്തായി. ഇഷ് സോധി 15 പന്തിൽ നിന്ന് 33 റൺസെടുത്തു.