Kerala

നീറ്റ് ദുരന്തത്തിൽ ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം: ജോസ് കെ മാണി

Posted on

കോട്ടയം: രാജ്യത്തെ ഏറ്റവും മിടുക്കരും ഭാവിയുടെ വാഗ്ദാനങ്ങളുമായ 2205035 വിദ്യാര്‍ഥികള്‍ എഴുതിയ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ദേശീയ ദുരന്തമാണെന്നും നടന്ന പരീക്ഷ റദ്ദാക്കിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു.

 സംഭവിച്ച ദുരന്തങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രിസ്ഥാനം രാജിവച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രിയേയും നിതീഷ്‌കുമാറിനെയും ധര്‍മ്മേന്ദ്ര പ്രധാന്‍ മാതൃകയാക്കണം. 551 പട്ടണങ്ങളിലായി 2205035 വിദ്യാര്‍ത്ഥികളാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റില്‍ പങ്കെടുത്തത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയാണ് (എന്‍.ടി.എ) പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ന്നതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എന്‍.ടി.എ ഏറ്റെടുത്ത സ്ഥിതിയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പദവിയിൽ നിന്നുംധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കുകതന്നെ ചെയ്യണം.

1956 സെപ്റ്റംബറില്‍ ഹൈദരാബാദിനെ മെഹബൂബ് നഗറില്‍ ഉണ്ടായ തീവണ്ടി അപകടത്തില്‍ 125 പേരാണ് മരിച്ചത്. ഇതിന്റെ ധാര്‍മിക ഉത്തരവാദിത്തം അന്നത്തെ റയില്‍ മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി . ഏറ്റെടുത്തിരുന്നു.അതേ വര്‍ഷം തന്നെ തമിഴ്‌നാട്ടിലെ അരിയാളൂരില്‍ ഉണ്ടായ തീവണ്ടി അപകടത്തില്‍ 150 പേര്‍ മരിച്ചപ്പോള്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി റെയില്‍വേ മന്ത്രിസ്ഥാനം രാജിവച്ചു. 1999 ലെ ബിജെപി വാജ്‌പേയ് സര്‍ക്കാരിലെ റെയില്‍ മന്ത്രി ആയിരുന്ന നിധീഷ് കുമാര്‍ പശ്ചിമബംഗാളിലെ ഗൈസാലില്‍ 1999 ഓഗസ്റ്റ് 2 ന് ഉണ്ടായ റെയില്‍വേ ദുരന്തത്തില്‍ 285 പേര്‍ മരണമടഞ്ഞതിനെ തുടര്‍ന്ന് റയില്‍വെ മന്ത്രിസ്ഥാനം രാജി വെച്ചിരുന്നു.

22 ലക്ഷം പേര്‍ എഴുതുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷ കുറ്റമറ്റതാക്കി നടത്താന്‍ കഴിയാത്ത വിദ്യാഭ്യാസ മന്ത്രി ലോകത്തിനു മുന്‍പില്‍ രാജ്യത്തിന്റെ മാനം കെടുത്തിയിരിക്കുകയാണ്. നീറ്റ് പരീക്ഷയെപ്പറ്റി കെ രാധാകൃഷ്ണന്‍ കമ്മറ്റി നടത്തിയ ശുപാര്‍ശകള്‍ അംഗീകരിക്കാത്തതും നീറ്റ് ദുരന്തത്തിന് കാരണമായി. 2024 ലും നീറ്റില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. പാളിച്ചകളില്‍ നിന്നും പാഠം കണ്ടെത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമാണ് സംഭവിച്ച നീറ്റ് ദുരന്തത്തിന് കാരണമെന്നും ജോസ് കെ.മാണി ചൂണ്ടിക്കാട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version