Kerala
മുന്നണി മാറ്റം സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായമുണ്ടായില്ല: ജോസ് കെ മാണി
ന്യൂഡല്‍ഹി: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റത്തെ എതിര്‍ത്തത് മന്ത്രി റോഷി അഗസ്റ്റിനാണെന്ന സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ ശബ്ദ സന്ദേശത്തില്‍ പ്രതികരിച്ച് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി അല്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ അധ്വാന വര്‍ഗ സിദ്ധാന്തം വായിച്ചവര്‍ അങ്ങനെ പറയില്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
‘സി വി വര്‍ഗീസ് അങ്ങനെ പറയും എന്ന് കരുതുന്നില്ല. മുന്നണി മാറ്റം സംബന്ധിച്ച് പാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിട്ടില്ല. പിണറായിയും കോടിയേരിയുമാണ് ഞങ്ങളെ മുന്നണിയില്‍ കൊണ്ടുവന്നത്. കത്തോലിക്കാ സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ല’, ജോസ് കെ മാണി പറഞ്ഞു. മുന്നണി മാറ്റത്തില്‍ പാര്‍ട്ടി മുമ്പ് നിലപാട് അറിയിച്ചതാണെന്നും ചില വാര്‍ത്തകര്‍ മാധ്യമ സൃഷ്ടികളാണെന്നും അദ്ദേഹം പറഞ്ഞു.