Kerala
.അതിരുക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ തീര്‍ത്തും നിരാശരാണ്;കേരളത്തില്‍ നടക്കുന്നത് നിഴല്‍ ഭരണം ജോസ് കെ മാണി
കോട്ടയം:ഏറെ പ്രതീക്ഷകളോടെ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ അധികാരത്തിലെത്തിച്ചവരെല്ലാം അസംതൃപ്തരാണെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി.അതിരുക്ഷമായ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനങ്ങള്‍ തീര്‍ത്തും നിരാശരാണ്.ഏകാധിപത്യപരമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നതില്‍ മന്ത്രിമാര്‍ അസംതൃപ്തരാണ്.കെപിസിസി പ്രസിഡന്റും യുഡിഎഫ് കണ്‍വീനറും അസംതൃപ്തരാണ്.പദവികളുടെ തര്‍ക്കം മൂലം ഘടകകക്ഷികള്‍ അസംതൃപ്തരാണ്.
എന്നാല്‍ ഈ ഭരണത്തില്‍ ബിജെപി നേതാക്കളടക്കമുള്ള സംഘപരിവാര്‍ പൂര്‍ണ്ണ തൃപ്തരുമാണ് .തൃപ്തരായവരുടെ ‘നിഴല്‍ ഭരണ’മാണ് ഇപ്പോള്‍ വാസ്തവത്തില്‍ കേരളത്തില്‍ നടക്കുന്നത്.ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സംഘപരിവാര്‍ പ്രസിദ്ധീകരണമായ മയില്‍പ്പീലി മാസികക്ക് സ്കൂളുകളില്‍ സ്കോളര്‍ഷിപ്പ് പരീക്ഷ നടത്താന്‍ നല്കിയ അനുവാദം.സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ കാവിവത്ക്കരിക്കാന്വൈസ് ചാന്‍സലര്‍ മാരെ ആയുധമാക്കി നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കുന്നതിനുള്ള യാതൊരു നീക്കവും സര്‍ക്കാര്‍ നടത്തുന്നില്ല.നയപരമായ കാര്യങ്ങളില്‍ ആരാണ് തീരുമാനമെടുക്കുന്നത് എന്ന് കാര്യത്തില്‍ യാതൊരു വ്യക്തതയും ഇതുവരെ ജനങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.
വൈദ്യുത മന്ത്രി അറിയാതെ വൈദ്യുതി വാങ്ങാനുള്ള തീരുമാനവും എക്സൈസ് മന്ത്രി അറിയാതെ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കുന്നതും എങ്ങനെയാണെന്ന അത്ഭുതത്തിലാണ് യുഡിഎഫ് നേതൃത്വവും പ്രവര്ത്തകരുമുള്ളതെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ അതിരൂക്ഷമായ വന്യജീവി ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാതെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കാനാവില്ല.ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സപ്ലൈകോ നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് നല്കുന്ന നെല്‍ സംഭരണ രസീത് 70 വയസ്സ് കഴിഞ്ഞ കര്‍ഷകര്‍ക്ക് വായ്പയ്ക്കുള്ള ഈടായി സ്വീകരിക്കില്ലെന്ന എസ് ബി ഐ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.റോഷി അഗസ്റ്റിന്,തോമസ് ചാഴികാടന്,ഡോ എന്‍ ജയരാജ് ഡോ.സ്റ്റീഫന്‍ ജോര്‍ജ്, അഡ്വ.ജോബ് മൈക്കിള്‍,അഡ്വ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍,പ്രമോദ് നാരായണ്‍, ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.