India
കുടിവെള്ളത്തിൽ രാസപദാർത്ഥം? ഇൻഡോറിൽ എട്ട് പേർ മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്‍ഡോറില്‍ കുടിവെള്ളത്തില്‍ രാസപദാര്‍ത്ഥം കലര്‍ന്നോ എന്ന് സംശയം. ഭഗീരഥപുരയില്‍ വെള്ളം കുടിച്ച എട്ട് പേര് മരിച്ചു. 100ലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 25നും 30നുമിടയിലാണ് മരണങ്ങള് സംഭവിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
25ാം തീയ്യതി മുന്‍സിപ്പല്‍ കോര്പ്പറേഷന് വിതരണം ചെയ്യുന്ന വെള്ളത്തിന് അസാധാരണമായ രുചിയും മണവുമുണ്ടായെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിന് കയ്പ്പ് രുചിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുന്‍സിപ്പല്‍ പൈപ്പില്‍ നിന്ന് വരുന്ന നര്‍മദ നദിയില്‍ നിന്നുള്ള വെള്ളം കുടിച്ചപ്പോള്‍ മുതല്‍ രോഗം ബാധിച്ചുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വെള്ളം കുടിച്ചവര്‍ക്ക് ഛര്‍ദി, ഡയറിയ, നിര്‍ജലീകരണം എന്നീ രോഗങ്ങള്‍ പിടിപ്പെട്ടു.