India
ക്യാബിനിൽ എലി; ഇൻഡിഗോ വിമാനം വൈകിയത് മൂന്ന് മണിക്കൂർ
ന്യൂഡൽഹി: യാത്രക്കാർ വിമാനത്തിൽ എലിയെ കണ്ടതിനെ തുടർന്ന് ഇൻഡിഗോ വിമാനം വൈകിയത് മൂന്ന് മണിക്കൂറിലധികം.ഇന്നലെ കാൺപൂർ വിമാനത്താവളത്തിൽ വെച്ചായിരുന്നു സംഭവം.
വിമാനത്തിൽ 140 യാത്രക്കാരുണ്ടായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉച്ചയ്ക്ക് 2.55 ന് ഡൽഹിയിലേക്ക് പുറപ്പെടേണ്ട വിമാനമാണ് മൂന്ന് മണിക്കൂറോളം വൈകിയത്. എല്ലാ യാത്രക്കാരും വിമാനത്തിൽ കയറിയിരുന്നു.
ശേഷമാണ് അവരിൽ ഒരാൾ ക്യാബിനിൽ ഒരു എലി നീങ്ങുന്നത് ശ്രദ്ധിച്ചത്. ഉടൻ തന്നെ ക്യാബിൻ ക്രൂവിനെ അറിയിച്ചു. തുടർന്ന് എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി.
കാൺപൂർ വിമാനത്താവളത്തിലെ മീഡിയ ഇൻചാർജ് വിവേക് സിംഗ് വിമാനത്തിൽ എലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി യാത്രക്കാരെ ഒഴിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.