India

ഭീകരവാദത്തിന് തെളിവ് നൽകിയാൽ നടപടിയെടുക്കും; ഇന്ത്യയും പാകിസ്ഥാനും പരസ്പരം പ്രകോപിപ്പിക്കാതെ ശാശ്വത പരിഹാരം തേടണമെന്ന് പാക് മന്ത്രി

Posted on

 

ഭീകരവാദവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഇന്ത്യ തെളിവുകൾ കൈമാറിയാൽ അവ പരിശോധിച്ച് നടപടിയെടുക്കാൻ പാകിസ്ഥാൻ തയ്യാറാണെന്ന നിലപാടുമായി പാക് മന്ത്രി മുസാദിക് മസൂദ് മാലിക്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം ആരോപണങ്ങളും പ്രകോപനങ്ങളും തുടരുന്നതിന് പകരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പാക് കാലാവസ്ഥാ, പരിസ്ഥിതി മന്ത്രിയുടെ പ്രതികരണം.ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തെളിവുകൾ പരസ്പരം കൈമാറണം. ആരോപണങ്ങൾ മാത്രം ഉന്നയിക്കുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകില്ല. വസ്തുതകളും തെളിവുകളും അടിസ്ഥാനമാക്കിയുള്ള സുതാര്യമായ സംവിധാനം രൂപീകരിക്കണമെന്നും മുസാദിക് മാലിക് ആവശ്യപ്പെട്ടു.

ഭീകരാക്രമണങ്ങളിൽ പാകിസ്ഥാനും വലിയ നഷ്ടങ്ങൾ നേരിട്ടിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പാകിസ്ഥാൻ പൗരന്മാർ ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യയും സമാനമായ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. അതിനാൽ ഭീകരവാദത്തിനെതിരെ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തി കടന്നുള്ള ഭീകരവാദം സംബന്ധിച്ച ഇന്ത്യയുടെ ആശങ്കകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് നേരിട്ടുള്ള മറുപടി നൽകാതിരുന്ന മന്ത്രി, തെളിവുകളുടെ അടിസ്ഥാനത്തിൽ ഉഭയകക്ഷി തലത്തിലോ ബഹുരാഷ്ട്ര വേദികളിലോ ചർച്ചകൾ നടത്താമെന്ന് അറിയിച്ചു.

സിന്ധുനദീജല ഉടമ്പടി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യ ചർച്ചയ്ക്ക് ക്ഷണിച്ചാൽ പങ്കെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ നിലവിലെ സന്ദർശനം ഉഭയകക്ഷി ചർച്ചകൾക്കല്ലെന്നും ഷാങ്ഹായ് സഹകരണ സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനാണെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം, അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് മരവിപ്പിച്ച സിന്ധുനദീജല ഉടമ്പടി സംബന്ധിച്ച നിലപാടിലും മാറ്റമില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.2025 ഏപ്രിലിലെ പഹൽഗാം ഭീകരാക്രമണത്തിനും തുടർന്നുണ്ടായ ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പാക് മന്ത്രിയുടെ പുതിയ പ്രതികരണം. 2023ന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് കേന്ദ്രമന്ത്രിയാണ് മുസാദിക് മസൂദ് മാലിക്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version