Kerala
എറണാകുളം എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം; ഒരു മരണം
കൊച്ചി: എടയാറിലെ ഓയിൽ കമ്പനിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഒരു മരണം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. സി ജി ലൂബ്രിക്കന്റ്സ് എന്ന കമ്പനിയിലാണ് വൻ തീപിടിത്തം ഉണ്ടായത്.
നിലവിൽ രക്ഷാ പ്രവർത്തനം നടക്കുകയാണ്. തീ ആളി പടരുകയാണ്. ഇന്ന് രാവിലെ 8.30നാണ് തീപിടിത്തം ഉണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. അഗ്നിശമനസേന എത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയും ഉണ്ടായെന്ന് പ്രദേശവാസികൾ പറയുന്നു. അപകടത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ വ്യക്തത വന്നിട്ടില്ല. എത്ര ജീവനക്കാർ കെട്ടിടത്തിലുണ്ടെന്നതും വ്യക്തമല്ല. എട്ടോളം അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
തീ ഇതുവരെ നിയന്ത്രണ വിധേയമായില്ല. തീ അണച്ച് കെട്ടിടത്തിന് ഉള്ളിലേക്ക് പ്രവേശിക്കാനാണ് അഗ്നിശമന ഉദ്യോഗസ്ഥർ ശ്രമം നടത്തുന്നത്. കത്തി കരിഞ്ഞ നിലയിലാണ് ഒരാളുടെ മൃതദേഹം കണ്ടെടുത്തത്. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.