Kerala
ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം; സംഭവം നടന്നത് വയനാട്ടിൽ
വയനാട്ടിലെ വാഴവറ്റയിൽ ഷോക്കേറ്റ് സഹോദരങ്ങളായ രണ്ടുപേർക്ക് ദാരുണാന്ത്യം. കരിങ്കണ്ണിക്കുന്ന് പൂവണ്ണിക്കുംതടത്തിൽ അനൂപ്, സഹോദരനായ ഷിനു എന്നിവരാണ് മരിച്ചത്. വാഴവറ്റ തെനേരി കരിങ്കണ്ണിക്കുന്ന് കോഴിഫാമിൽ വെച്ചായിരുന്നു അപകടം.
ഇന്നലെ അർധരാത്രിയാണ് സംഭവം. ഫാമുടമ പുൽപ്പറമ്പിൽ വീട്ടിൽ സൈമൺ ഇരുവരെയും കാണാതായതോടെ രാവിലെ നടത്തിയ തിരച്ചിലാണ് ഫാമിൽ ഷോക്കേറ്റ് നിലയിൽ കണ്ടെത്തിയത്. ഉടനെ കൽപ്പറ്റയിലെ ആശുപത്രികളിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും ചേർന്ന് വാഴവറ്റ സ്വദേശിയായ സൈമണിൽ നിന്നും കോഴി ഫാം ലീസിനെടുത്ത് നടത്തിവരികയായിരുന്നു. ഷിനുവിൻ്റെ മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിലും, അനൂപിൻ്റെ മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിലുമാണുള്ളത്. മീനങ്ങാടി പൊലീസും കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഫാമിന് സമീപത്തെ വൈദ്യുതി വേലിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം