India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാറിനെ നിയമിച്ചു

Posted on

ന്യൂഡല്‍ഹി: 1988 ബാച്ച്‌ കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൊവ്വാഴ്ച സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ എതിര്‍പ്പ് തള്ളിയാണ് തീരുമാനം.

കഴിഞ്ഞ മാര്‍ച്ചിലാണ് ഗ്യാനേഷ് കുമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷണറായി സ്ഥാനമേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ , ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുക്കുന്നത്.

ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി സെലക്ഷന്‍ കമ്മിറ്റി കേന്ദ്രം പുതുക്കിയിരുന്നു. ഇതിനെതിരായ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതിയുടെ നിലപാടറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

യോഗത്തില്‍ നിന്നിറങ്ങി പോകാന്‍ രാഹുല്‍ തുനിഞ്ഞെങ്കിലും വിയോജന കുറിപ്പ് നല്‍കാമെന്ന് പ്രധാനമന്ത്രി അറിയിച്ചത് പ്രകാരം അദ്ദേഹം യോഗത്തില്‍ തുടര്‍ന്നു. ബിഹാറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വര്‍ഷം പശ്ചിമബംഗാള്‍, അസം, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളില്‍ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക. ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത ബില്‍ തയ്യാറാക്കുന്നതിന് സുപ്രധാന പങ്കുവഹിച്ച ഗ്യാനേഷ് കുമാര്‍ നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്നു. അതിന് ശേഷം ആഭ്യന്തരമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറി ആയിരിക്കെ ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി രേഖകള്‍ കൈകാര്യം ചെയ്തതും അദ്ദേഹമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version