Kerala
ലഹരി ഉപയോഗിച്ച് മാനവീയം വീഥിയിൽ തമ്മിൽ തല്ലി യുവതിയും ആൺസുഹൃത്തും
തിരുവനന്തപുരം: വഴിയിൽക്കിടന്ന് അടിപിടി കൂടി യുവതിയും ആൺസുഹൃത്തും. ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് തർക്കത്തിനൊടുവിൽ യുവതിയും യുവാവും തമ്മിൽ അടിപിടി കൂടിയത്. വഴിയിലും ആൾക്കാർക്കിടയിലും കിടന്നുള്ള അടിപിടിയുടെ ദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
യുവാവ് പെൺകുട്ടിയുടെ അടികൊണ്ട് വീണതോടെ എഴുന്നേറ്റ് ഇടിക്കെടായെന്ന് സമീപത്തുള്ളവർ പറയുന്നതടക്കം ദൃശ്യങ്ങളിലുണ്ട്. ഒപ്പം നിൽക്കുന്നവർ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതും യുവതി അതിനനുസരിച്ച് മർദിക്കുന്നതും കാണാം. തിരുവനന്തപുരം സ്വദേശിയായ ഹോട്ടൽ ജീവനക്കാരിയും സുഹൃത്തും തമ്മിലാണ് തർക്കമുണ്ടായത്. ഇരുവരും ലഹരിയിലായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവത്തിന് പിന്നാലെ പൊലീസ് ഇവരോട് കാര്യങ്ങൾ അന്വേഷിച്ചെങ്കിലും തമാശയ്ക്ക് ചെയ്താണെന്നാണ് മറുപടി നൽകിയത്. അതേസമയം, ലഹരി ഉപയോഗിച്ച് പൊതു സ്ഥലത്ത് തമ്മിൽ തല്ലിയ ഇരുവരുടെയും പേരിൽ കേസെടുക്കാനാണ് പൊലീസ് തീരുമാനം. ഇരുവർക്കുമെതിരെ കേസെടുക്കുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ‘നൈറ്റ് ലൈഫ്’ തെരുവായ മാനവീയത്തിൽ സാധാരണ രാത്രികാലങ്ങളിൽ സംഗീത പരിപാടികളും തെരുവുനാടകങ്ങളുമുണ്ടാകാറുണ്ട്. നിശാഗന്ധിയിലും മറ്റും പരിപാടികളുള്ള രാത്രികളിൽ പരിപാടികൾ കഴിഞ്ഞ് മടങ്ങുന്നവർ മാനവീയത്ത് തമ്പടിക്കുന്നതും പതിവാണ്.