Kerala

ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്‌സ്‌റ്റൈൽ ഉടമ

Posted on

ദീപാവലിയോടനുബന്ധിച്ച് തന്റെ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ ബോണസ് നൽകി ഗുജറാത്ത് സൂറത്ത് ടെക്‌സ്‌റ്റൈൽ ഉടമ. തന്റെ സ്ഥാപനത്തിലെ 20 ജീവനക്കാർക്കാണ് അദ്ദേഹം വൻതുക ബോണസായി നൽകിയത്. സാധാരണയായി കമ്പനികൾ ദീപാവലിയോടനുബന്ധിച്ച് ജീവനക്കാർക്ക് മധുരപലഹാരങ്ങളും ഡ്രൈ ഫ്രൂട്ട്സും നൽകുകയാണ് പതിവ്.

അതിൽ നിന്ന് തീർത്തും വ്യത്യസ്തനാണ് രാംസ്വരൂപ് മുണ്ടെയെന്ന ഈ വ്യാപാരി. തന്റെ ജീവനക്കാരെ വെറും തൊഴിലാളികളായല്ല, സ്വന്തം കുടുംബാംഗങ്ങളായാണ് കാണുന്നതെന്ന് രാംസ്വരൂപ് പറഞ്ഞു. വലിയ വെള്ളി താലത്തിൽ കറൻസി നോട്ടുകൾ നിരത്തിയാണ് ബോണസ് കൈമാറിയത്. ജീവനക്കാരുടെ ഭാര്യമാരാണ് അവർക്ക് സമ്മാനത്തുക നൽകിയത്.

അപ്രതീക്ഷിത സമ്മാനത്തിൽ പല ജീവനക്കാരും വികാരാധീനരാവുകയും കണ്ണീരണിഞ്ഞ് തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.സാമ്പത്തിക ആശങ്കകളില്ലാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ ജീവനക്കാർക്ക് അവസരമൊരുക്കുകയായിരുന്നു ലക്ഷ്യമെന്നും രാംസ്വരൂപ് പറഞ്ഞു.

ബോണസ് വിതരണത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വ്യാപാരിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇത്തരമൊരു തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടെന്ന് തമാശരൂപേണ പ്രതികരിച്ചവരുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version