Kerala

മാന്യമായി പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ തുടരാനാകില്ലെന്ന് എൽ ഡി എഫ് നേതാവ് എസ്.പി. ദീപക്

Posted on

തിരുവനന്തപുരം: മുൻ ഡി.ജി.പി. ആർ. ശ്രീലേഖ തിരുവനന്തപുരം കോർപറേഷനിൽനിന്ന് രാജിവെച്ച സംഭവത്തിൽ ബിജെപി നേതൃത്വത്തിനും കോർപറേഷൻ ഭരണസമിതിക്കുമെതിരെ രൂക്ഷ ആരോപണവുമായി തിരുവനന്തപുരം കോർപറേഷൻ എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക്. മാന്യമായി പ്രവർത്തിക്കുന്നവർക്ക് ബിജെപിയിൽ തുടരാനാകില്ലെന്ന് എസ്.പി. ദീപക് ആരോപിച്ചു.

മേയറുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പോലും ശ്രീലേഖ വലിയ മനോവിഷമത്തോടെ വേദിയിൽനിന്ന് മടങ്ങിയെന്നും, കഴിഞ്ഞ ഒൻപത് മാസമായി മേയറുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തനങ്ങൾ ജനാധിപത്യ രീതിയിൽ രാഷ്ട്രീയ പ്രവർത്തിക്കുന്നവർക്ക് താങ്ങാനാകാത്തതാണെന്നും എസ്.പി. ദീപക് പറഞ്ഞു. കാപ്പ കേസിൽ പ്രതിയായ സുഗതനെ കൗൺസിലിൽ നിലനിർത്താൻ മേയറും സംഘവും ഇടപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ശ്രീലേഖ സംസ്ഥാന ഡി.ജി.പി. ആയിരുന്ന കാലത്താണ് സുഗതനെതിരെ ആദ്യമായി കാപ്പ കേസ് ചുമത്തിയതെന്നും, അന്ന് ഫയലിൽ ഒപ്പുവെച്ചത് ശ്രീലേഖയായിരുന്നുവെന്നും എസ്.പി. ദീപക് പറഞ്ഞു. മുൻപ് ഒപ്പുവെച്ച അതേ ഫയലിനെ പോലും തള്ളിപ്പറയേണ്ട സാഹചര്യത്തിലേക്ക് ശ്രീലേഖയെ എത്തിച്ചെന്നും പൊലീസിനെതിരെ അവരെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു.

മുൻ ഡി.ജി.പിയായ ശ്രീലേഖയ്ക്കൊപ്പം കാപ്പ കേസിലെ പ്രതിയായ വ്യക്തി കൗൺസിലിൽ ഇരിക്കുന്ന സാഹചര്യമാണുള്ളതെന്നും, ശ്രീലേഖയ്ക്ക് ബിജെപി നേതൃത്വം സംരക്ഷണം നൽകിയില്ലെന്നും എസ്.പി. ദീപക് ആരോപിച്ചു. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ശ്രീലേഖയെ വിഷമിപ്പിക്കുന്ന തരത്തിൽ ചില നേതാക്കൾ നടത്തിയ ഇടപെടലുകളിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടും പാർട്ടിയിൽനിന്ന് പ്രതികരണമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയിലെ അഴിമതിയിലും ഫണ്ട് തട്ടിപ്പിലും ശ്രീലേഖയ്ക്ക് വ്യക്തമായ നിലപാടുകളുണ്ടായിരുന്നുവെന്നും എസ്.പി. ദീപക് ആരോപിച്ചു. കഴിഞ്ഞ ഒൻപത് മാസത്തെ മേയറുടെ ഭരണത്തിൽ കോർപറേഷൻ ഭരണസംവിധാനം തകർന്നുവെന്നും, ‘മേയർ കെയർ’ പദ്ധതിയിലെ ക്രമക്കേടുകളാണ് ഒടുവിൽ ശ്രീലേഖയെ രാജിയിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version