India
നോട്ടീസ് ബോർഡിലെ പിൻ അബദ്ധത്തിൽ വിഴുങ്ങി, ഏഴാം ക്ലാസുകാരൻ മരിച്ചു
സ്‌കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് അബദ്ധത്തിൽ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ പത്തു ദിവസത്തെ ചികിത്സയ്ക്കിടെ മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദി പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ തുഷാർ മിശ്രയാണ് മരിച്ചത്.
സംഭവം ഒക്ടോബർ 15-നാണ് ഉണ്ടായത്. തുഷാർ അബദ്ധത്തിൽ പിൻ വിഴുങ്ങിയതായാണ് പ്രാഥമിക വിവരം.
സംഭവത്തിനു പിന്നാലെ സഹപാഠികളോടൊപ്പം അധ്യാപകരായ സീമയേയും ഫിറോസിനേയും കുട്ടി കാര്യം അറിയിച്ചെങ്കിലും, അവർ അത് ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണം. കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് അധ്യാപകർ അവരെ അവഗണിക്കുകയും, തുഷാറിന് ഭക്ഷണവും വെള്ളവും നൽകുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇതിന്റെ ഫലമായി പിൻ കൂടുതൽ ആഴത്തിലേക്ക് പോയതായി കരുതപ്പെടുന്നു. അമ്മയുടെ സഹോദരന്റെ വീട്ടിലാണ് തുഷാർ താമസിച്ചിരുന്നത്. വൈകുന്നേരം വീട്ടിലെത്തിയപ്പോൾ കുട്ടിക്ക് ശക്തമായ വയറുവേദന അനുഭവപ്പെട്ടു. വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് എക്‌സ്‌റേ പരിശോധനയിൽ ശ്വാസകോശത്തിന് സമീപം പിൻ കുടുങ്ങിയതായി കണ്ടെത്തിയത്.