India
വണ്ണം കുറയ്ക്കാൻ 3 മാസത്തോളം ജ്യൂസ് മാത്രം, പതിനേഴുകാരൻ മരിച്ചു
വണ്ണംകുറയ്ക്കാനായി അപകടകരമായ മാർഗങ്ങൾ പരീക്ഷിക്കുന്നവരുണ്ട്. അത്തരത്തിൽ മൂന്നുമാസത്തോളം ജ്യൂസ് മാത്രംകുടിച്ച് വണ്ണം കുറയ്ക്കാൻ ശ്രമിച്ച ശക്തീശ്വരൻ എന്ന പതിനേഴുകാരന്റെ മരണവാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ ആണ് സംഭവം നടന്നത്.
ആരോഗ്യവാനായിരുന്ന ശക്തീശ്വരന്റെ മരണകാരണം മൂന്നുമാസത്തോളം ജ്യൂസ് മാത്രം കുടിച്ചതാണെന്ന് കുടുംബം ആരോപിച്ചു. യൂട്യൂബിൽ കണ്ട വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ ഡയറ്റിങ് ആരംഭിച്ചത്. ഡയറ്റിൽ കാര്യമായ മാറ്റം വരുത്തുംമുമ്പ് ശക്തീശ്വരൻ ഡോക്ടർമാരേയോ, വിദഗ്ധരേയോ സമീപിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. മകൻ ചില മരുന്നുകൾ കഴിച്ചിരുന്നതായും അടുത്തിടെ വ്യായാമം തുടങ്ങിയതായും കുടുംബം പറഞ്ഞു.
കട്ടിയുള്ള ആഹാരങ്ങളെല്ലാം പാടേ ഒഴിവാക്കിയിരുന്ന ശക്തീശ്വരൻ മൂന്നുമാസമായി പഴച്ചാറുകൾ മാത്രമാണ് കഴിച്ചിരുന്നത്. വ്യാഴാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുന്നുവെന്നു പറഞ്ഞയുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.