Kerala
പ്രസിദ്ധ സസ്യശാസ്ത്രജ്ഞൻ പൽപ്പു പുഷ്പാംഗദൻ അന്തരിച്ചു
പത്മശ്രീ പുരസ്‌കാര ജേതാവും പ്രസിദ്ധ സസ്യശാസ്ത്രജ്ഞനുമായ പൽപ്പു പുഷ്പാംഗദൻ എന്ന ഡോ. പി. പുഷ്പാംഗദൻ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. രാജ്യത്തെ പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്. വംശീയ സസ്യശാസ്ത്രത്തിൽ (എത്നോബോട്ടണി) വിലപ്പെട്ട സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം.
ലഖ്‌നൗവിലെ നാഷണല്‍ ബൊട്ടാണിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ മുന്‍ ഡയറക്ടറായിരുന്നു പൽപ്പു. ജൈവവൈവിധ്യ മേഖലയിലുള്ള പഠനങ്ങളും പ്രവർത്തനങ്ങളും അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. പരമ്പരാഗത ജ്ഞാനത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ ഉൽപ്പന്നങ്ങൾ വാണിജ്യവൽക്കരിക്കുമ്പോൾ സംജാതമാകുന്ന സാമ്പത്തിക നേട്ടം പ്രസ്തുത ഗോത്ര ജനവിഭാഗത്തിന് കൂടി ലഭ്യമാക്കുന്ന പ്രവർത്തനത്തിലൂടെ ഡോ. പുഷ്പാംഗദൻ ലോകശ്രദ്ധ ആകർഷിച്ചു.