India
മൈക്രോസോഫ്റ്റിന്റെ പേരിൽ വൻ തട്ടിപ്പ്; അറസ്റ്റിലായത് 21 പേർ
യുഎസ് പൗരന്മാരെ ലക്ഷ്യമിട്ട് മൈക്രോസോഫ്റ്റ് ടെക്നിക്കൽ സപ്പോർട്ട് സംഘമെന്ന വ്യാജേന പ്രവർത്തിച്ച സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി.
സൈബർ കമാൻഡിന്റെ സ്പെഷ്യൽ സെല്ലും വൈറ്റ്ഫീൽഡ് ഡിവിഷനിലെ സൈബർ ക്രൈം പൊലീസും സംയുക്തമായാണ് ഈ റെയ്ഡ് നടത്തിയത്.
‘മസ്ക് കമ്മ്യൂണിക്കേഷൻസ്’ എന്ന പേരിലെ ഈ തട്ടിപ്പ് കേന്ദ്രം കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രവർത്തനം ആരംഭിച്ചത്. 4,500 സ്ക്വയർ ഫീറ്റ് സ്ഥലത്താണ് മുഴുവൻ സൗകര്യങ്ങളോടും കൂടിയ ഈ തട്ടിപ്പ് സെന്റർ പ്രവർത്തിച്ചിരുന്നത്. മൈക്രോസോഫ്റ്റ് സപ്പോർട്ട് ടെക്നീഷ്യൻമാരായി ആൾമാറാട്ടം നടത്തി വിദേശികളെ കബളിപ്പിച്ച കേസിൽ കമ്പനിയിലെ 21 ജീവനക്കാരെ അറസ്റ്റ് ചെയ്തു.
രണ്ടുദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ നിരവധി കമ്പ്യൂട്ടറുകൾ, ഡിജിറ്റൽ ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് ഇലക്ട്രോണിക് തെളിവുകൾ എന്നിവ കണ്ടെത്തി. കേസിലെ മറ്റ് പ്രതികളെ കണ്ടെത്താനും പിടിച്ചെടുത്ത ഡിജിറ്റൽ വിവരങ്ങൾ പരിശോധിക്കാനും കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.