Kerala
മേലുകാവുമറ്റത്ത് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന സമ്മേളനത്തിന് തുടക്കം
മേലുകാവുമറ്റം: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ 41-ാമത് മഹായിടവക യുവജന സമ്മേളനത്തിന് 2026 ഒക്ടോബർ 19, 20, 21 തീയതികളിൽ മേലുകാവുമറ്റം എച്ച്.ആർ.ഡി.ടി. സെന്ററിൽ തുടക്കം. “Faith Over Feeling” എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. “യാത്രയുടെ വഴികൾ നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും നിങ്ങൾ ഒരിക്കലും ഒറ്റയ്ക്കല്ല നടക്കുന്നത്” എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ടുവയ്ക്കുന്നത്.
സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക ബിഷപ്പും സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്ററുമായ റൈറ്റ്. റവ. വി.എസ്. ഫ്രാൻസിസ് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് റൈറ്റ്. റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. അനുഭവങ്ങൾ യഥാർത്ഥ വഴികാട്ടികൾ അല്ല എന്നും, ജീവിത പരാജയങ്ങൾ അവസാന വാക്കല്ലെന്നും, ജീവിത യാത്രയിൽ ഒപ്പം ക്രിസ്തു സാന്നിധ്യം തിരിച്ചറിയുന്നതാണ് ഒറ്റപ്പെടലിൽ കരകയറാൻ സഹായിക്കുന്നതെന്നും, ജീവിത വെല്ലുവിളികളിൽ സമൂഹ മാധ്യമങ്ങൾ ഒപ്പം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹായിടവക ട്രഷറർ റവ. മാക്സിൻ ജോൺ, മഹായിടവക വൈദിക സെക്രട്ടറി റവ. ടി.ജെ. ബിജോയ്, അത്മായ സെക്രട്ടറി അഡ്വ. ടി.എൽ. സാംകുട്ടി, രജിസ്ട്രാർ ശ്രീ. സജി തടത്തിൽ എന്നിവർ സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുത്തു.
നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ എക്യുമെനിക്കൽ ഫോറം എക്സിക്യൂട്ടീവ് സെക്രട്ടറി റവ. റിബിൻ ജോൺ, മാർത്തോമ്മാ സഭ തിരുവനന്തപുരം–കൊല്ലം ഭദ്രാസനത്തിലെ യൂത്ത് ചാപ്ലിൻ ബ്രദർ റോബിൻ തോമസ്, എച്ച്.ആർ. ട്രെയിനറും നെക്സസ് അക്കാദമിയുടെ സ്ഥാപകനും ഡയറക്ടറുമായ ശ്രീ. വിശാഖ് പി.എസ്., വ്യക്തിത്വ വികസന പരിശീലകനും കൗൺസിലറും വിമുക്തി നോഡൽ ഓഫീസറുമായ ശ്രീ. സാബുമോൻ എം.സി. എന്നിവരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
മുൻ ജനറൽ സെക്രട്ടറിയും പള്ളിക്കുന്ന് സെന്റ് ജോർജ് സി.എസ്.ഐ. പള്ളി വികാരിയുമായ റവ. ലിജു എബ്രഹാം, സെമിനിവാലി സെന്റ് പോൾസ് സി.എസ്.ഐ. പള്ളി വികാരി റവ. റ്റിൻറ്റു ജോർജ്, കെ.ആർ.വൈ.എം. പ്രതിനിധി ശ്രീ. അലക്സ് പീറ്റർ, മഹായിടവക യുവജന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റ് മിസ്. ലിതു മറിയം സ്ക്കറിയ, ജനറൽ സെക്രട്ടറി റവ. അരുൺ ജോസഫ്, ജോയിന്റ് സെക്രട്ടറി ശ്രീ. ജിവിൻ സി. വിൽഫ്രഡ്, ശ്രീ. ജിതിൻ വിജയൻ, കീബോർഡിസ്റ്റും സംഗീതജ്ഞനുമായ ശ്രീ. എബിൻ മോനു കുര്യൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കും.യുവജനങ്ങളുടെ ആത്മീയ വളർച്ച, വ്യക്തിത്വ വികസനം, നേതൃത്വപരിശീലനം, സഭാ-സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ പങ്കാളിത്തം എന്നിവ ലക്ഷ്യമിട്ടാണ് ത്രിദിന സമ്മേളനം സംഘടിപ്പിക്കുന്നത്.