Crime
ലിവിംഗ് പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ
ബെംഗളൂരു ബാഗലഗുണ്ടെ വിജയലക്ഷ്മി ലേഔട്ടിൽ നിശാ പാർട്ടിക്കിടെ ലിവിംഗ് പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടിയും കാമുകനും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മോഹൻ കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് പ്രതികൾ ഇയാളെ കുത്തിക്കൊലപ്പെടുത്തുന്നത്. കൃഷ്ണയുടെ ലിവിംഗ് പാർട്ണറായ ഉർവശി (ബിന്ദു – 26), ഉർവശിയുടെ കാമുകനും ട്രക്ക് ഡ്രൈവറുമായ വിനയ് കുമാർ (26), ഇയാളുടെ സഹായിയായ ധനുഷ് (24) എന്നിവരാണ് പിടിയിലായത്.
മൂന്ന് മാസങ്ങൾക്ക് മുമ്പ് നവദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാണ് മോഹൻ കൃഷ്ണയും ബിന്ദുവും വീട് വാടകയ്‌ക്കെടുത്തത്. ഇരുവരും നേരത്തെ വിവാഹിതരായവരും എന്നാൽ പങ്കാളികളിൽ നിന്ന് വേർപിരിഞ്ഞു കഴിയുന്നവരുമായിരുന്നു. ഏകദേശം ഒരു വർഷത്തോളമായി ഇവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. കന്നഡ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ബിന്ദു, സംവിധായകരുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.