Crime
ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ വാക്കുതർക്കം; അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്
മുംബൈ: ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് അധ്യാപകനെ കുത്തിക്കൊന്ന് യുവാവ്. മുംബൈയിലാണ് സംഭവം. 32കാരനായ കോളേജ് ലക്ചറർ അലോക് കുമാർ സിങാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് മലാദ് സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ അലോക് കുമാറും സഹയാത്രികനായ ഓംകാർ ഷിൻഡെയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഓംകാർ അലോകിനെ കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിന്നീട് പിടികൂടി.
ആളുകൾ നോക്കി നിൽക്കെയായിരുന്നു അലോകിനെ ഓംകാർ കുത്തിയത്. തൊട്ടുപിന്നാലെ ഓംകാർ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന പൊലീസും മറ്റ് യാത്രക്കാരും ചേർന്ന് അലോകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പൊലീസ് അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. 200 ഓളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. റെയിൽവേയുടെ ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും ഉപയോഗിച്ചു.