Kerala
കൊല്ലത്ത് റബ്ബർതോട്ടത്തില്‍ നിന്ന് ജീർണിച്ച മൃതദേഹം കണ്ടെത്തി
പുനലൂർ: ചെങ്കുത്തായ മലമുകളിലെ റബ്ബർതോട്ടത്തില്‍ കൈകാലുകള്‍ ചങ്ങലകൊണ്ടു പൂട്ടി റബ്ബർമരത്തില്‍ ബന്ധിച്ചനിലയില്‍ ജീർണിച്ച മൃതദേഹം. പുനലൂരിനടുത്ത് പിറവന്തൂർ പഞ്ചായത്തിലെ വൻവിള വാർഡില്‍, പുനലൂർ-മൂവാറ്റുപുഴ ഹൈവേയോടു ചേർന്ന മുക്കടവ് ആളുകേറാമലയിലാണ് സംഭവം.
മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുള്ളതായി കരുതുന്നു. പുരുഷന്റേതാണെന്നാണ് പ്രാഥമിക അനുമാനം. കഴുത്തില്‍ സ്വർണമാലയണിഞ്ഞിട്ടുണ്ട്.
മൃതദേഹത്തിനടുത്തുനിന്ന് കന്നാസ്, കത്രിക, ബാഗ് തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്. കാന്താരിമുളക് ശേഖരിക്കാൻ ചൊവ്വാഴ്ച ഉച്ചയോടെ മലമുകളിലെത്തിയ പ്രദേശവാസിയാണ് മൃതദേഹം ആദ്യം കണ്ടത്.
ഇയാള്‍ അറിയിച്ചതനുസരിച്ച് പുനലൂരില്‍നിന്ന് പോലീസ് സംഘമെത്തി പ്രാഥമിക പരിശോധന നടത്തി. തുടർന്ന് ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരുമെത്തി തെളിവെടുത്തു.