Crime
പാവയ്ക്കയെ ചൊല്ലി തർക്കം, മദ്യപിച്ചെത്തിയ മകൻ അമ്മയെ കൊന്നു
മുംബൈ: പാവയ്ക്ക കൊണ്ട് വിഭവമുണ്ടാക്കിയതിന് മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ മകൻ അമ്മയെ കൊലപ്പെടുത്തി. സുമിത്ര പെത്കുലെ എന്ന 65കാരിയായ വീട്ടമ്മയെയാണ് മദ്യപിച്ചെത്തിയ മകൻ ജഗദീഷ് പെത്കുലെ (37) മർദിച്ച് കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ജഗദീഷ് സ്ഥിരം മദ്യപിക്കുന്നതിനാൽ ഭാര്യ രണ്ട് മാസം മുമ്പ് വീടുവിട്ട് പോയിരുന്നു.
ഇതിന് പിന്നാലെ അമ്മയ്‌ക്കൊപ്പം തറവാട് വീട്ടിലായിരുന്നു ജഗദീഷ് താമസിച്ചിരുന്നത്. സംഭവ ദിവസവും മദ്യപിച്ചെത്തിയ ജഗദീഷ്, അമ്മയുമായി വഴക്കുണ്ടാക്കി. തനിക്ക് പാവയ്ക്ക ഇഷ്ടമല്ലെന്നും എന്തിനാണ് ഇത് പാകം ചെയ്തതെന്നും ചോദിച്ചായിരുന്നു വഴക്ക്. വഴക്ക് കയ്യേറ്റത്തിലേക്ക് കടന്നതോടെ ജഗദീഷ് അമ്മയെ ക്രൂരമായി മർദിച്ചു. മകന്റെ മർദനമേറ്റ അമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.