Kerala
12 വയസ്സുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി
തിരുവനന്തപുരം: കഴക്കൂട്ടത്ത് ട്യൂഷനു പോകാത്തതിന് 12 വയസ്സുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദിക്കുകയും ചൂരൽ കൊണ്ട് അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തതായി പരാതി. മർദനമേറ്റ കുട്ടിയുടെ പിതാവ് കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കിയ ശേഷം ആണ് കഴക്കൂട്ടം സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. കുട്ടിയുടെ മൊഴിയും രേഖപ്പെടുത്തി.
രണ്ടു ദിവസം മുൻപാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞ് ചെമ്പഴന്തി ആനന്ദേശ്വരത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയും സുഹൃത്തും ചേർന്ന് കുട്ടിയെ മർദിക്കുകയും അടിച്ചു പരുക്കേൽപിക്കുകയും ചെയ്തെന്നാണ് പരാതി. നിലത്തു വീണ കുട്ടിയെ കഴുത്തിൽ കുത്തിപ്പിടിച്ച് വീണ്ടും മർദിച്ചെന്നും പറയുന്നു.
പോത്തൻകോടുള്ള സ്വകാര്യ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ കുട്ടി, അച്ഛൻ താമസിക്കുന്ന മങ്ങാട്ടുകോണത്തെ വീട്ടിൽ എത്തിയാണ് വിവരം പറഞ്ഞത്. ബാലാവകാശ കമ്മിഷനും പരാതി നൽകുമെന്ന് പിതാവ് അറിയിച്ചു.