Crime
താടിയും മീശയും വളര്‍ത്തി; ഗുജറാത്തില്‍ ദളിത് യുവാവിനും ഭാര്യാപിതാവിനും നേരെ മര്‍ദനം
ഗുജറാത്തിലെ ഖംഭാലിയയില്‍ ദളിത് യുവാവിനും ഭാര്യാപിതാവിനും നേരെ ആക്രമണം. താടിയും മീശയും വളര്‍ത്തിയെന്ന കാരണം പറഞ്ഞാണ് ഖംഭാലിയയിലെ മംഗ്നാഥ് പിപ്ലി ഗ്രാമത്തിലെ തൊഴിലാളിയായ സാഗര്‍ മക്വാനയെയും ഭാര്യ പിതാവ് ജീവന്‍ഭായ് വാലയെയും അക്രമികള്‍ മര്‍ദിച്ചത്.
താടിയും മീശയും വളര്‍ത്താനുള്ള അവകാശം ദളിതര്‍ക്കില്ലെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ ജാതീയമായി അധിക്ഷേപിക്കുകും കയ്യേറ്റം ചെയ്തെന്നും കാണിച്ച് ഇരുവരും പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ജാതി വെറിയുടെ പുതിയ കേസ് പുറത്തുവരുന്നത്.
ഖംഭാലിയയിലെ വര്‍ക്ക് ഷോപ്പില്‍ സാഗറിന്റെ ബൈക്ക് നന്നാക്കാനായി പോയപ്പോഴാണ് സംഭവം ഉണ്ടായത്. നവി ചാവന്ദ് ഗ്രാമ വാസിയായ ശൈലേഷ് ജെബാലിയ എന്നയാള്‍ സാഗറിനെ തടഞ്ഞുവച്ച് അസഭ്യം പറയുകയും താടിയും മീശയും വളര്‍ത്തിയതിന് അധിക്ഷേപിക്കുകയുമായിരുന്നു.
ഇതിനിടെ അക്രമം ഭയന്ന് സാഗര്‍ ഭാര്യാപിതാവിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇരുവരും ജുനഗഡ് സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.