Kerala
500 രൂപ ചോദിച്ചു, ഇല്ലെന്ന് പറഞ്ഞതോടെ മര്‍ദനം; തൃശൂരില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍
തൃശൂർ: പണം ആവശ്യപ്പെട്ട് വിദ്യാർത്ഥിയെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ.
മണ്ണുത്തി സ്വദേശി സഫൽ ഷാ, നടത്തറ കൊഴുക്കുള്ളി സ്വദേശി സഞ്ചയ്, ചൊവ്വൂർ സ്വദേശി ബിഷ്ണു എന്നിവരാണ് പൊലീസ് പിടിയിലായത്. തൃശൂർ പൂങ്കുന്നം ഭാഗത്താണ് സംഭവം. കഴിഞ്ഞ പതിനൊന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഡിഗ്രി വിദ്യാർത്ഥിയായ 21 കാരനെ തടഞ്ഞ് നിർത്തി പ്രതികൾ 500 രൂപ ആവശ്യപ്പെടുകയായിരുന്നു.
കയ്യിൽ പണമില്ലെന്ന് യുവാവ് പറഞ്ഞതോടെ വിദ്യാർത്ഥിയുടെ ദേഹം പരിശോധിക്കാൻ തുടങ്ങി. പണം തന്നിട്ട് പോയാൽ മതിയെന്ന് പറഞ്ഞ് അസഭ്യം പറയുകയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.