Crime
ദമ്പതികളെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നു, പ്രതി പിടിയിൽ
സേലം: ജഗീരമ്മ പാളയത്തു വ്യാപാരികളായ ദമ്പതികളെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു.
ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്കരൻ (70), ഭാര്യ ദിവ്യ (65) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ആണ് അന്യസംസ്ഥാനത്തൊഴിലാളി ബിഹാർ സ്വദേശി സുനിൽ കുമാറിനെ (36) ശൂരമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. 11ന് രാവിലെയായിരുന്നു സംഭവം. കടയിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയ സുനിൽകുമാർ കയ്യിലുണ്ടായിരുന്ന ചുറ്റികകൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ചു. ദിവ്യയുടെ നിലവിളികേട്ട് എത്തിയ ഭാസ്കരനെയും തലയ്ക്കടിച്ചു വീഴ്ത്തി.
ഇരുവരും മരിക്കുന്നതു വരെ സുനിൽകുമാർ ഇവരുടെ തലയിൽ ചുറ്റികകൊണ്ട് അടിച്ചതായി പൊലീസ് പറഞ്ഞു. ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാല, വള, കമ്മൽ എന്നിവ കവർന്നു. കടയോടു ചേർന്നുള്ള വീടു കുത്തിത്തുറന്ന് അവിടെയുണ്ടായിരുന്ന ആഭരണങ്ങളും കവർന്നു.
കടയിൽ സാധനം വാങ്ങാനെത്തിയവരാണു ഭാസ്കരന്റെയും ദിവ്യയുടെയും മൃതദേഹം കണ്ടത്. ശൂരമംഗലം പൊലീസ് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ക്യാംപിലെത്തി ചോദ്യംചെയ്തപ്പോഴാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്. അതിഥിത്തൊഴിലാളികളുടെ മറ്റൊരു ക്യാംപിൽ നിന്നാണു സുനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.