Kerala

സിറപ്പ് കഴിച്ചതിനു ശേഷം അസ്വസ്ഥത ;17 കാരി മരിച്ചു ;ചികിത്സാപിഴവെന്ന് ആരോപണം

Posted on

കൊല്ലം: കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരി മരിച്ചു. നാട്ടന്നൂർ സ്വദേശി ഹർഷയാണ് മരിച്ചത്. പ്രശാന്ത്–രാജലക്ഷ്മി ദമ്പതികളുടെ ഏക മകളാണ് ഹർഷ. കരുനാഗപ്പള്ളി എ.എം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ നൽകിയ സിറപ്പ് കഴിച്ചതിന് പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.

തുടർന്ന് നില വഷളായതോടെ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് പിതാവ് പ്രശാന്തിന്റെ ആരോപണം. കുട്ടി മരിച്ചതിന് ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യാൻ ശ്രമിച്ചതെന്നും കുടുംബം ആരോപിക്കുന്നു. അതേസമയം, കുടുംബത്തിന്റെ ആരോപണങ്ങൾ ആശുപത്രി അധികൃതർ തള്ളി.

മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമേ കൂടുതൽ വ്യക്തത ലഭിക്കൂവെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആംബുലൻസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. രക്തസമ്മർദവും പൾസും ക്രമാതീതമായി താഴ്ന്നതാണ് കുട്ടിയുടെ നില ഗുരുതരമാക്കിയതെന്നും രക്ഷിക്കാൻ സാധ്യമായ എല്ലാ അടിയന്തര നടപടികളും ചികിത്സയും നൽകിയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version