Kerala
വയനാട്ടിലെ സിപിഎം വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി
കല്‍പ്പറ്റ: വയനാട്ടിലെ സിപിഎം വിഭാഗീയതയില്‍ നേതാക്കള്‍ക്കെതിരെ വീണ്ടും നടപടി. ജില്ലയിലെ മുതിര്‍ന്ന നേതാവ് എ വി ജയനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ജയനെ നേരത്തെ ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത് വിവാദമായിരുന്നു. ഇതിനിടെയാണ് വീണ്ടും നടപടിയുണ്ടായിരിക്കുന്നത്.
കണിയാമ്പറ്റയിലെ അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങളെയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ വിഭാഗീയത ഉന്നയിച്ച് നേരത്തെ പ്രദേശത്ത് നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടിയെന്നാണ് സൂചന.
കര്‍ഷക സംഘം ജില്ലാ പ്രസിഡന്റും പുല്‍പ്പള്ളി സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ എ വി ജയനെ പാലിയേറ്റീവ് കെയര്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയത്. ഇരുളം ലോക്കല്‍ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. ഈ നടപടിയില്‍ ജയന്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.