Kerala
കനത്ത മഴയിൽ തിരുവനന്തപുരത്ത് കിണർ ഇടിഞ്ഞ് താഴ്ന്നു
തിരുവനന്തപുരം: കനത്ത മഴയിൽ വെങ്ങാനൂരിലെ മൈക്രോ വാട്ടർ സപ്ലെ സ്‌കീമിനോട് അനുബന്ധിച്ച കിണർ ഇടിഞ്ഞു താഴ്ന്നു. പ്രദേശത്ത് വലിയ ഗർത്തം രൂപപ്പെട്ടത് മൂലം സമീപത്തെ വാട്ടർ ടാങ്കും തകർച്ചാ ഭീഷണിയിൽ ആണ്. കിണർ ഇടിഞ്ഞതോടെ നിരവധി പേർക്ക് ശുദ്ധ ജലം ലഭ്യമായിരുന്ന സ്രോതസ് ആണ് ഇല്ലാതെ ആയത്.
70 വർഷത്തോളം പഴക്കമുള്ള പൊതു കിണറിനെ സ്രോതസാക്കി 1997 – 98 കാലത്ത് വരൾച്ചാ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചു അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിലാണ് പദ്ധതി ആരംഭിച്ചത്. പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇന്നലെ പെയ്ത മഴയിലാണ് പഞ്ചായത്ത് കിണർ ഇടിഞ്ഞ നിലയിൽ കാണപ്പെട്ടത്.
കിണറിൽ കുറ്റിക്കാടുകൾ പടർന്നു കയറുന്നത് സംബന്ധിച്ച് പരാതികൾ ഉയർന്നിരുന്നെങ്കിലും അധികാരികൾ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതിയുണ്ട്.