Kerala
ഭരണം കൊണ്ട് മാറിയത് സിപിഎം കാരുടെ ദാരിദ്ര്യം; രമേശ് ചെന്നിത്തല
തിരുവനന്തപുരം: അതിദാരിദ്ര്യ നിര്‍മാര്‍ജനം എന്ന പേരില്‍ കേരളാ സര്‍ക്കാര്‍ നടത്തുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള വെറും പബ്‌ളിസിറ്റി സ്റ്റണ്ടാണെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
കേരളത്തില്‍ നിന്ന് അതിദാരിദ്ര്യം ഇല്ലാതെയായി എന്ന് ഒരു ഏജന്‍സികളും സര്‍ട്ടിഫൈ ചെയ്തിട്ടില്ല.
സസ്‌റ്റെയിനബിള്‍ ഡവലപ്‌മെന്റ് ഗോള്‍സ് എന്ന പേരില്‍ ഐക്യരാഷ്ട്ര സഭ മുന്നോട്ടു വെയ്ക്കുന്ന 17 ഇന പരിപാടികളില്‍ ഒന്നാണ് ദാരിദ്ര്യ/അതിദാരിദ്ര്യ നിര്‍മാര്‍ജനം.
ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള ഏതാണ്ട് മുപ്പത്തിയെട്ടോളം ഏജന്‍സികള്‍ ഇതിനായി അഹോരാത്രം പണിയെടുക്കുന്നുണ്ട്. ഈ സംഘടനകളുടെ ഒന്നും അംഗീകാരം കേരളസര്‍ക്കാരിന്റെ ഈ പ്രഖ്യാപനത്തിന് ഇല്ലെന്ന് ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തെ ഭരണം കൊണ്ട് സിപിഎംകാരുടെ ദാരിദ്ര്യമാണ് മാറിയതെന്ന് ചെന്നിത്തല പരിഹസിച്ചു.
സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ അടക്കമുള്ളവര്‍ കോടീശ്വരന്മാരായി. അതിന്റെ കണക്കെടുത്താണ് ഈ ആഘോഷമെങ്കില്‍ മനസിലാക്കാം – ചെന്നിത്തല കളിയാക്കി.