Kerala
ലൈംഗികാരോപണം; കൊല്ലം കുടുംബകോടതി ജഡ്ജിക്കെതിരെ അന്വേഷണം
ലൈംഗികാരോപണങ്ങളിൽ രാഷ്ട്രീയ കേന്ദ്രങ്ങളടക്കം വട്ടംചുറ്റുമ്പോൾ കേരളത്തിലെ നീതിന്യായ വ്യവസ്ഥയെയും പിടിച്ചുലച്ച് പുതിയ വിവാദം. കേസിൽ കക്ഷികളായെത്തിയ വനിതകളോട് അപമര്യാദമായി പെരുമാറിയെന്ന പരാതിയിൽ കൊല്ലം കുടുംബ കോടതി ജഡ്ജി വി ഉദയകുമാറിനെതിരെ ഹൈക്കോടതി അന്വേഷണം തുടങ്ങി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള റജിസ്ട്രാർക്കാണ് അന്വേഷണ ചുമതലയെന്ന് റിപ്പോർട്ട് ചെയ്തു.
മൂന്നു സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന വിവരമാണ് പുറത്തുവന്നിട്ടുള്ളത്. ഇവരിലൊരാൾ ജില്ലാ ജഡ്ജിക്ക് രേഖാമൂലം പരാതി നൽകിയതോടെ ആണ് നടപടികൾ തുടങ്ങിവച്ചത്. കോടതിയിൽ ജഡ്ജിയുടെ ചേംബറിലാണ് ലൈംഗിക അതിക്രമം നടന്നതെന്ന വിവരമാണ് ഞെട്ടിക്കുന്നത്.
ആരോപണവിധേയനെ കുടുംബകോടതിയിൽ നിന്ന് നീക്കി. പകരം വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണലിലേക്ക് മാറ്റിയെങ്കിലും ജുഡീഷ്യൽ ചുമതലകൾ വഹിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.