Kerala

ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുക്കി കൊന്ന് ഫാനിൽ കെട്ടിത്തൂക്കിയെന്ന കേസ്; ഭാര്യയെ വെറുതെ വിട്ട് കോടതി

Posted on

കൊല്ലം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ ചുറ്റിവലിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിയെ വെറുതേ വിട്ടു. ഭര്‍ത്താവ് ഷാജിയെ (40) കൊന്ന കേസില്‍ പേരയം പടപ്പക്കര എന്‍.എസ്. നഗര്‍ ആശവിലാസത്തില്‍ ആശയെയാണ് (44) വെറുതേ വിട്ടത്. കൊട്ടാരക്കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി റീനാദാസിന്റേതാണ് ഉത്തരവ്. 2017 ജനുവരി 24-ന് ആയിരുന്നു സംഭവം.

കുമ്പളം സ്വദേശിയായ ഷാജി, ആശയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. മത്സ്യക്കച്ചവടക്കാരനായ ഷാജി മദ്യപിച്ച് ആശയെ നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നു. 2017 ജനുവരി 24-ന് ജോലികഴിഞ്ഞു വീട്ടിലെത്തിയ ഷാജി കട്ടിലില്‍ കിടന്നുറങ്ങുമ്പോള്‍ വൈകീട്ട് ഏഴുമണിയോടെ ആശ ഭര്‍ത്താവിനെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍മുറുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. തുടര്‍ന്ന് ആത്മഹത്യയാണെന്നു വരുത്തിത്തീര്‍ക്കാനായി കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി. ആത്മഹത്യയാണെന്ന് കരുതി പിറ്റേന്ന് സംസ്‌കാരം നടത്തുകയും ചെയ്തു. പിന്നീടുള്ള അന്വേഷണത്തില്‍ കൊലപാതകമാണെന്ന് കണ്ടെത്തിയെന്നായിരുന്നു പോലീസ് കേസ്.

കുണ്ടറ പോലീസാണ് അന്വേഷണം നടത്തിയത്. 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകളും 15 തെളിവുകളും പ്രോസിക്യൂഷന്‍ ഭാഗത്ത് ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിയെ കോടതി വെറുതേ വിട്ടത്. അഭിഭാഷകരായ പി.എ. പ്രിജി, എസ്. സുനിമോള്‍, വി.എല്‍. ബോബിന്‍, സിനു എസ്. മുരളി, എസ്. അക്ഷര എന്നിവര്‍ പ്രതിക്കുവേണ്ടി ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version