Kerala
സഹകരണ നിക്ഷേപകരുടെ പ്രതിഷേധം നവംബർ 14ന് എറണാകുളത്ത്;CDFയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രകടനവും ധർണ്ണയും; നിക്ഷേപത്തുകയും പലിശയും തിരികെ നൽകണമെന്ന് ആവശ്യം
എറണാകുളം: കേരളത്തിലെ സഹകരണ മേഖലയിലെ നിക്ഷേപ പ്രതിസന്ധിയിൽ പ്രതിഷേധിച്ച് കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറത്തിന്റെ (CDF) നേതൃത്വത്തിൽ നവംബർ 14ന് എറണാകുളത്ത് കരിങ്കൊടി പ്രകടനവും ധർണ്ണയും സംഘടിപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ വൈകിട്ട് 6 വരെ ഹൈക്കോടതിക്ക് സമീപമുള്ള വഞ്ചി സ്ക്വയറിലാണ് പ്രതിഷേധ പരിപാടികൾ.
കേരളത്തിലെ 500-ലേറെ സഹകരണ സംഘങ്ങളിലായി ലക്ഷക്കണക്കിന് നിക്ഷേപകർക്ക് വർഷങ്ങളായി നിക്ഷേപത്തുക തിരികെ ലഭിക്കുന്നില്ലെന്നും ഏകദേശം 15,000 കോടി രൂപയുടെ നിക്ഷേപം നഷ്ടപ്പെട്ടതായും CDF ആരോപിച്ചു. നിക്ഷേപകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ സർക്കാർ സഹകരണ വാരാഘോഷം നടത്തുന്നതിനെതിരെയാണ് പ്രതിഷേധം.
ജീവിതകാലം മുഴുവൻ സമ്പാദിച്ച പണം സഹകരണ സംഘങ്ങളിലും ബാങ്കുകളിലും നിക്ഷേപിച്ചവരിൽ ഭൂരിഭാഗവും മുതിർന്ന പൗരന്മാരും രോഗികളുമാണ്. നിക്ഷേപത്തുകയും പലിശയും ലഭിക്കാത്തതിനാൽ ഇവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചിലർക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടി.
സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ കെടുകാര്യസ്ഥതയും ക്രമക്കേടുകളുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് CDFയുടെ ആരോപണം.പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുന്നത് മുൻ തമിഴ്നാട് ചീഫ് സെക്രട്ടറിയും റബ്ബർ ബോർഡ് ചെയർമാനുമായിരുന്ന പി.സി. സിറിയക് IAS ആണ്.
നിക്ഷേപത്തുകയും പലിശയും സമയബന്ധിതമായി തിരികെ നൽകുക, ബഡ്സ് ആക്ട് പ്രകാരം കേസെടുത്ത് കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുക, സഹകരണ പുനരുദ്ധാരണ നിധിയും നിക്ഷേപക ഗ്യാരണ്ടി ഫണ്ടും നിക്ഷേപകർക്ക് തുക മടക്കിനൽകാൻ പ്രയോജനപ്പെടുത്തുക, റവന്യൂ റിക്കവറി നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മുന്നോട്ടുവയ്ക്കുന്നത്.
സർക്കാരും സഹകരണ വകുപ്പും അടിയന്തരമായി ഇടപെട്ട് നിക്ഷേപകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം. അല്ലാത്തപക്ഷം കൂടുതൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട്, സംസ്ഥാന സെക്രട്ടറി എ.സി. ബേബിച്ചൻ, ജില്ലാ പ്രസിഡന്റ് സാബു മാത്യു എന്നിവർ പാലാ മീഡിയ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .