Kerala
കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് വേടൻ്റെ പാട്ട് ഒഴിവാക്കണം; വിദഗ്ധ സമിതിയുടെ ശുപാർശ
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി പാഠ്യപദ്ധതിയിൽ നിന്നും വേടന്റെ പാട്ട് ഒഴിവാക്കാൻ വിദഗ്ധ സമിതി ശുപാർശ.വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് ശുപാർശ ചെയ്തത്. വേടന്റെ ‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് സിൻഡിക്കേറ്റ് അംഗം എ കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. ബിരുദ പഠനത്തിൽ മൂന്നാം സെമസ്റ്ററിലാണ് പാട്ട് ഉൾപ്പെടുത്തിയിരുന്നത്.
മലയാളം യുജി പഠനബോർഡാണ് വേടന്റെ പാട്ട് പാഠ്യപദ്ധയിൽ ചേർത്തത്. മൈക്കിൾ ജാക്‌സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ എന്ന പാട്ടുമായി താരതമ്യപഠനത്തിനായാണ് ‘ഭൂമി ഞാൻ വാഴുന്നിടം’ സിലബസിൽ ഉൾപ്പെടുത്തിയത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ് സംഗീതവും തമ്മിലുള്ള താരതമ്യമായിരുന്നു പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം.
റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വേടന്റെ പാട്ട് പിൻവലിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ഗൗരി ലക്ഷ്മിയുടെ പാട്ടും പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കാനാണ് ശുപാർശ.