Kerala
ജാതി അധിക്ഷേപ പരാമർശത്തിൽ ജി സുധാകരനെതിരെ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് സി എസ് സുജാത
ആലപ്പുഴ: ജാതി അധിക്ഷേപ പരാമർശത്തിൽ ജി സുധാകരനെതിരെ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് സി എസ് സുജാത. പാർട്ടിയുമായി ആലോചിച്ച ശേഷമായിരിക്കും നിയമനടപടിയെന്നും സുധാകരൻ നടത്തിയത് അങ്ങേയറ്റം ജാതീയമായ പരാമർശമാണെന്നും സി എസ് സുജാത പറഞ്ഞു.
തനിക്ക് നാണവും മാനവും ഇല്ലേ എന്ന് എങ്ങനെയാണ് സുധാകരന് പറയാൻ കഴിഞ്ഞത് എന്നും സുജാത ചോദിച്ചു. ജി സുധാകരന് വേണ്ടി കായംകുളത്ത് തനിക്കായിരുന്നു തെരഞ്ഞെടുപ്പ് ചാർജ്. സുധാകരന്റെ പരാമർശം ജാതീയമായ വേർതിരിവ് ഉണ്ടാക്കാൻ വേണ്ടിയാണ്. മുല്ലപ്പൂവും തുളസിക്കതിരും സ്ത്രീകൾക്ക് ചൂടാൻ കഴിയില്ലെ? ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഒരുങ്ങിനടക്കാൻ സ്ത്രീക്ക് ഇന്ത്യൻ ഭരണഘടന അവകാശം നൽകുന്നുണ്ട്.
മുല്ലപ്പൂവും തുളസിക്കതിരും ഏതെങ്കിലും ജാതിക്കുവേണ്ടി തീറെഴുതിക്കൊടുത്തിരിക്കുന്നതാണോ എന്നും സുജാത ചോദിച്ചു. എത്രമാത്രം ജാതീയമായ ചിന്ത അദ്ദേഹത്തിനുള്ളിലുണ്ട് എന്നതിന്റെ പ്രകടമായ തെളിവാണ് ഈ പരാമർശങ്ങൾ. ഇതെല്ലം യുഡിഎഫിനെ തൃപ്തിപ്പെടുത്താനാണ് എന്നും സുജാത വിമർശിച്ചു.