India
ബിജെപി വിടാനൊരുങ്ങി അണ്ണാമലൈ; രാജിക്കത്ത് കൈമാറി
ന്യൂഡല്‍ഹി: പാര്‍ട്ടി വിടാനൊരുങ്ങി തമിഴ്നാട് ബിജെപി മുന്‍ അധ്യക്ഷന്‍ അണ്ണാമലൈ. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനുമായുള്ള കൂടിക്കാഴ്ചയില്‍ അണ്ണാമലൈ രാജി സമര്‍പ്പിച്ചു.
എന്നാല്‍ നേതൃത്വം രാജി സ്വീകരിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. വൈകുന്നേരം നാല് മണിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അണ്ണാമലൈ കൂടിക്കാഴ്ച നടത്തുമെന്നും വിവരമുണ്ട്. ഇതിനുശേഷമാകും രാജിക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമുണ്ടാവുക.
അണ്ണാമലൈ രാജിവെയ്ക്കുമെന്നും ഈയാഴ്ച തന്നെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അണ്ണാ ഡിഎംകെയുമായി സഖ്യം വേണ്ടെന്നും ബിജെപി ഒറ്റയ്ക്ക് മത്സരിക്കണം എന്നുമായിരുന്നു തെരഞ്ഞെടുപ്പില്‍ അണ്ണാമലയുടെ നിലപാട്. എന്നാൽ അണ്ണാമലൈയെ നേതൃത്വത്തില്‍ നിന്ന് മാറ്റി ബിജെപി അണ്ണാ ഡിഎംകെക്ക് കൈ കൊടുത്തു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നേതൃത്വവും അണ്ണാമലൈയും അകല്‍ച്ചയിലായത്.