Kerala

ജനറൽ കമ്പാർട്ടുമെന്റിൽ വിഷ പാമ്പുകളുമായി കയറി പാമ്പുകളെ തുറന്നു വിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ പിടികൂടി

Posted on

പട്ന: പാമ്പുകളുമായി ട്രെയിനില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ മോഷണം നടത്തുന്ന സംഘം ബിഹാറില്‍ പിടിയില്‍.ജനസേവ എക്സ്പ്രസില്‍ കയറിയ ആറുപേരെയാണ് ആർപിഎഫ് പിടികൂടിയത്. ഇവരില്‍ നിന്ന് പത്ത് വിഷപ്പാമ്പുകളെ പിടിച്ചെടുത്തു. ദിവസേന നൂറുകണക്കിന് ആളുകള്‍ യാത്ര ചെയ്യുന്ന ട്രെയിനിലാണ് ഇവർ എല്ലാ ദിവസവും വിഷപ്പാമ്പുകളുമായി എത്തി യാത്രക്കാരെ പേടിപ്പിച്ച്‌ പണം തട്ടിയിരുന്നത്.

ജനറല്‍ കംപാർട്ട്മെൻ്റില്‍ കയറുന്ന സംഘം ആളുകളെ ഭീഷണിപ്പെടുത്തി വലിയ തുകകള്‍ വാങ്ങുന്നത് പതിവായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ പാമ്പുകളെ തുറന്നുവിട്ട് ഭയപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഈ സംഘം പാമ്പുകളുമായെത്തി പണം തട്ടുന്നുവെന്ന അടിയന്തര സന്ദേശം റെയില്‍ മദദ് ആപ്പിലൂടെ ആർപിഎഫിന് യാത്രക്കാരൻ കൈമാറി. തുടർന്ന് ട്രെയിനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാൻ പാമ്പിനെ ട്രെയിനില്‍ തന്നെ തുറന്നുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പ്രതികള്‍ ശ്രമം നടത്തി. ഏറെ പണിപ്പെട്ടാണ് ഇവരെ ട്രെയിനില്‍ നിന്ന് പുറത്തിറക്കിയത്. സ്റ്റേഷനില്‍ എത്തിയ ശേഷവും ഇവർ പാമ്പുകളെ തുറന്നുവിട്ട് രക്ഷപ്പെടാൻ ശ്രമം നടത്തി.

മുമ്പും ഇതേ സംഘത്തിനെതിരെ ആർപിഎഫിന് പരാതികള്‍ ലഭിച്ചിരുന്നെങ്കിലും ഇവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതികള്‍ ഏത് സ്റ്റേഷനില്‍ നിന്നാണ് കയറുന്നതെന്നോ എവിടെയാണ് ഇറങ്ങുന്നതെന്നോ ആർക്കും അറിയില്ല. പിടികൂടിയ പാമ്പുകളെ വനം വകുപ്പിന് കൈമാറി. ആർപിഎഫിന് പുറമേ വനം വകുപ്പും സംഘത്തിനെതിരെ കേസെടുത്തു. പാമ്പുകളുമായി സ്ഥിരം എത്തുന്ന സംഘത്തിൻ്റെ ശല്യം ഒഴിവായതോടെ വലിയ ആശ്വാസത്തിലാണ് യാത്രക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version