India
ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്റ്റിൽ
ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്തിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ബിഷ്വദ്വീപ് ദാസ് ആണ് അറസ്റ്റിലായത്. അസമിൽ നിന്ന് നാല് പേർ കൂടി പിടിയിലായി. വിപ്രോയിലെ സീനിയർ എഞ്ചിനീയറാണ് ബിഷ്വദ്വീപ് ദാസ്. ഭൂട്ടാനിൽ നിന്ന് അനധികൃതമായി വാഹനങ്ങൾ എത്തിച്ച് വ്യാജ രേഖകൾ ഉണ്ടാക്കുകയാണ് ചെയ്യന്നത്. കേരളത്തിൽ നിന്ന് 15 കാറുകളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നത്.
പ്രമുഖ വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെയുള്ളവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും ഇവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിലാണ് മുഖ്യ സൂത്രധാരൻ പിടിയിലായിരിക്കുന്നത്. ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഭൂട്ടാനിലുള്ള വാഹനം ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിയമ പ്രശ്‌നങ്ങളില്ല.
പക്ഷേ നടപടിക്രമങ്ങൾ പാലിക്കണം. ഭൂട്ടാൻ പൗരന്റെ വാഹനം ഇന്ത്യയിൽ എത്തിക്കുന്നതിന് മുൻപ് ഭൂട്ടാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയിൽ ഡി രജിസ്‌ട്രേഷൻ നടത്തണം. അതിനുശേഷം NOC നൽകും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇന്ത്യയിലേക്ക് വാഹനങ്ങൾ എത്തിക്കാൻ സാധിക്കൂ.