Kerala

ജപ്തി ഭീഷണിയിൽ ഓട്ടോറിക്ഷാ തൊഴിലാളിയും കുടുംബവും; സുമനസ്സുകളുടെ സഹായം തേടി സന്തോഷ് പുളിക്കൻ

Posted on

പാലാ: സഹോദരൻ എടുത്ത വായ്പയുടെ പേരിൽ ബാങ്ക് അധികൃതരുടെ ജപ്തി ഭീഷണി നേരിടുന്ന കുടുംബത്തിന് സഹായം അഭ്യർത്ഥിച്ച് പാലാ മിനി സിവിൽ സ്റ്റേഷൻ സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളി സന്തോഷ് പുളിക്കൻ. തൻ്റെ പ്രായമായ പിതാവിനെയും രോഗിയായ ഭാര്യയെയും കൂട്ടി എങ്ങോട്ട് പോകണമെന്നറിയാത്ത നിസ്സഹായാവസ്ഥയിലാണ് ഇദ്ദേഹം.

എട്ട് വർഷം മുമ്പ് സന്തോഷിൻ്റെ സഹോദരൻ കുടുംബവീടും 15 സെൻ്റ് സ്ഥലവും പണയപ്പെടുത്തി കേരള ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. തൻ്റെ അറിവില്ലാതെയാണ് സഹോദരൻ ഈ വായ്പ എടുത്തതെന്ന് സന്തോഷ് വ്യക്തമാക്കുന്നു. പലിശയടക്കം ഇപ്പോൾ 80 ലക്ഷം രൂപയോളം കുടിശ്ശികയായിട്ടുണ്ട്.

വായ്പയെടുത്ത സഹോദരൻ ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഒരു വശം തളർന്ന് ചികിത്സയിലാണ്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന പോലീസ് റിപ്പോർട്ടുകളും മെഡിക്കൽ രേഖകളും ബാങ്കിൽ ഹാജരാക്കിയിരുന്നു. ആദ്യം എട്ട് മാസത്തെ സാവകാശം അനുവദിക്കാമെന്ന് പറഞ്ഞ ബാങ്ക് അധികൃതർ ഇപ്പോൾ പെട്ടെന്ന് വീട് ജപ്തി ചെയ്യാനുള്ള നീക്കവുമായി എത്തിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ പോലീസുമായി എത്തി വീട്ടിൽ നിന്നും ഇറക്കിവിടുമെന്നാണ് ഭീഷണി.

80 ലക്ഷം രൂപയോളം വിലമതിക്കുന്ന 15 സെൻ്റ് സ്ഥലവും വീടും 20 ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്. ആകെ 15 സെൻ്റ് സ്ഥലത്തിൽ നിന്നും 8 സെൻ്റ് സ്ഥലം വിറ്റ് ഈ 20 ലക്ഷം രൂപ അടച്ച് ബാധ്യത തീർക്കാനും, തനിക്കും ഭാര്യക്കും പിതാവിനും കിടപ്പാടം സംരക്ഷിക്കാനും സന്തോഷ് ആഗ്രഹിക്കുന്നു. 20 ലക്ഷം രൂപ നൽകി സഹായിക്കുന്നവർക്ക് ഈ 8 സെൻ്റ് സ്ഥലം എഴുതി നൽകാൻ തയ്യാറാണെന്നും, പൊതുസമൂഹം ഇടപെട്ട് തൻ്റെ കുടുംബത്തെ തെരുവിലിറങ്ങുന്നതിൽ നിന്നും രക്ഷിക്കണമെന്നും സന്തോഷ് മാധ്യമങ്ങളിലൂടെ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version