India
ജോലി വാഗ്ദാനം ചെയ്ത് വലയിലാക്കും, പബ്ബിലും പാർലറിലുമെത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കും; സഹോദരിമാർ അറസ്റ്റിൽ
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് സഹോദരിമാര്‍ അറസ്റ്റില്‍. ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ചെയ്തു എന്ന കുറ്റം ചുമത്തിയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. അമ്രീന്‍, അഫ്രീന്‍ എന്നീ സഹോദരിമാരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ സഹായിയായ ചന്ദന്‍ യാദവ് എന്ന യുവാവിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട ബിലാല്‍, ചിന്നു, യാസിര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തട്ടിപ്പിനിരയായ രണ്ട് യുവതികള്‍ നല്‍കിയ പരാതിയിലാണ് നടപടി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിവ നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ ജോലി വാഗ്ദാനം ചെയ്യുക. ജോലിയില്‍ പ്രവേശിച്ചാല്‍ സമ്പന്നരായ പുരുഷന്മാരുമായി ഇവരുടെ പാര്‍ലറില്‍ വച്ചും പബ്ബുകളില്‍ വച്ചും ഇടപഴകാന്‍ നിര്‍ബന്ധിക്കും. യുവതികള്‍ക്ക് ലഹരി മരുന്ന് നല്‍കിയിരുന്നതായും എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.