India
ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ; വിശദീകരിച്ച് വനിതാ സൈനിക മേധാവിമാർ
ഓപ്പറേഷൻ സിന്ദൂരിലൂടെ സൈന്യം തകർത്തത് പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളെന്ന് കേണൽ സോഫിയ ഖുറേഷി. രാജ്യം നീതി നടപ്പാക്കുകയായിരുന്നുവെന്നും ഓപ്പറേഷന് സിന്ദൂര്‍ പഹല്‍ഗാമിനുളള മറുപടിയെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു സോഫിയ ഖുറേഷി.
സേനയിലെ വനിതാ ഉദ്യോഗസ്ഥരായ കേണൽ സോഫിയ ഖുറേഷി, വിംഗ് കമാൻഡർ വോമിക സിംഗ്, വിക്രം മിസ്രി എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വനിതാ സൈനിക മേധാവിമാർ സൈനിക നീക്കം വിശദീകരിക്കുന്നത്.
2001ലെ പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം, ഉറി, പുൽവാമ തുടങ്ങിയ ഭീകരാക്രമങ്ങളുടെ ദൃശ്യങ്ങൾ കാണിച്ചുകൊണ്ടാണ് വാർത്താസമ്മേളനം ആരംഭിച്ചത്. വിക്രം മിസ്രിയാണ് ആദ്യം സംസാരിച്ചുതുടങ്ങിയത്.
പഹൽഗാം ഏറ്റവും നീചമായ ആക്രമണമായിരുന്നു. പോയിന്റ് ബ്ലാങ്കിൽ നിന്നാണ് ടൂറിസ്റ്റുകൾക്ക് നേരെ വെടിയുതിർത്തത്. ജമ്മു കശ്മീരിലെ സമാധാനം തകർക്കാനുള്ള ശ്രമമായിരുന്നു അത്. പാകിസ്താനും പാകിസ്താനിൽ നിന്നെത്തിയ ഭീകരരും തന്നെയാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. പാകിസ്താൻ ഭീകരവാദികളുടെ സ്വർഗ്ഗമാണെന്നും ഓപ്പറേഷൻ സിന്ദൂർ പെഹൽഗാമിനുള്ള ശക്തമായ സന്ദേശമായിരുന്നു’, എന്നും മിസ്രി പറഞ്ഞു.