Kerala
ആന്റോ ആന്റണി കെപിസിസി അധ്യക്ഷ പദവിയിലേക്ക്?
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെപിസിസി അധ്യക്ഷ പദവി പത്തനംതിട്ട എംപി ആന്റോ ആന്റണിക്ക് കൈമാറാന്‍ കോണ്‍ഗ്രസില്‍ നീക്കം. ഒരിക്കല്‍ കൈയെത്തും ദൂരത്ത് നിന്ന് പോയ അധ്യക്ഷ പദവി വീണ്ടും തേടിവരുമ്പോള്‍ ഇത്തവണ സാഹചര്യങ്ങള്‍ എല്ലാം ആന്റോയ്ക്ക് അനുകൂലമാണ്. നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ സമുദായിക സമവാക്യം കൂടി കണക്കിലെടുത്താകും തീരുമാനം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സണ്ണി ജോസഫ് അധ്യക്ഷ പദവിയില്‍ നിന്ന് മാറിയാല്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാള്‍ക്ക് പകരം ചുമതല കൈമാറിയേക്കുമെന്നായിരുന്നു സൂചന. എപി അനില്‍കുമാറും പിസി വിഷ്ണുനാഥും വണ്ടൂരിലും കുണ്ടറയിലും വീണ്ടും ജനവിധി തേടുന്ന പശ്ചാത്തലത്തില്‍ വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളായ ഷാഫിക്ക് താല്‍ക്കാലിക ചുമതല കൈമാറാനായിരുന്നു ആദ്യ ഘട്ട ചര്‍ച്ചകള്‍.
എന്നാല്‍ ന്യൂനപക്ഷ പ്രീണനം കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ആയുധമാക്കുന്ന പശ്ചാത്തലത്തില്‍ ഈ നീക്കത്തില്‍ ദേശീയ നേതൃത്വം പുനരാലോചന നടത്തുകയായിരുന്നു. ഷാഫിയെ വടക്കന്‍ കേരളത്തിലെ ഒരു മണ്ഡലത്തില്‍ പരിഗണിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.