Kerala
കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കി; വിമർശനവുമായി ഐഷ പോറ്റി
കൊട്ടാരക്കര: സിപിഎം വിട്ട് കോൺഗ്രസിൽ ചേരുകയും യുഡിഎഫ് സ്ഥാനാർത്ഥിയായി കൊട്ടാരക്കരയിൽ ജനവിധി തേടുകയും ചെയ്യുന്ന അയിഷ പോറ്റി സിപിഎമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് രംഗത്തെത്തിയിട്ടുള്ളത്. കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നായിരുന്നു അയിഷ പോറ്റി ആരോപിച്ചത്.
തന്നെ ഒതുക്കിയതിൽ കെ എൻ ബാലഗോപാലിനും പങ്കുണ്ടെന്നും അയിഷ പോറ്റി ആരോപിച്ചു. പലവട്ടം താൻ ബാലഗോപാലിനോട് പരാതി പറഞ്ഞിരുന്നുവെന്നും അവർ പ്രതികരിച്ചു. വോട്ട് പിടിക്കാൻ മാത്രം സിപിഎമ്മിന് തന്നെ വേണം. എന്നാൽ പൊതുമണ്ഡലത്തിൽ അയിഷ വേണ്ടെന്ന് അവർ തീരുമാനിച്ചു.
തനിക്ക് നേരെ വരുന്ന സൈബർ വേട്ടയ്ക്ക് പിന്നിൽ കെ എൻ ബാലഗോപാലാണെന്നും അവർ പ്രതികരിച്ചു. മന്ത്രിയുടെ പിന്തുണയോടെ തന്നെ തേജോവധം ചെയ്യുന്നുവെന്നും അയിഷ പോറ്റി ആരോപണമുന്നയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണെന്നുമാണ് അയിഷ പോറ്റി പറഞ്ഞത്.
ജനങ്ങൾ തനിക്കൊപ്പമെന്ന് അവർ ഭയപ്പെടുന്നുവെന്നും അയിഷ പോറ്റി പ്രതികരിച്ചു. വാർത്താസമ്മേളവനത്തിലായിരുന്നു അയിഷ പോറ്റി ഇക്കാര്യങ്ങളെല്ലാം പറഞ്ഞത്.