Kerala
തുടര്‍ച്ചയായി പാര്‍ട്ടിയെ വെട്ടിലാക്കുന്നു: അടൂർ പ്രകാശിനെതിരെ കെപിസിസി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അമര്‍ഷം. അതിജീവിതയെ തളളിപ്പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് നേതാക്കളുടെ നിലപാട്.
ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് കോണ്‍ഗ്രസ് നില്‍ക്കേണ്ടതെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂര്‍ പ്രകാശ് പിന്തുണച്ചത് തെറ്റാണ് എന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അടൂര്‍ പ്രകാശിന്റെ പ്രതികരണങ്ങള്‍ പാര്‍ട്ടിക്ക് തലവേദനയാണ് എന്നാണ് വിലയിരുത്തല്‍. അടൂര്‍ പ്രകാശ് തുടര്‍ച്ചയായി പാര്‍ട്ടിയെ വെട്ടിലാക്കുന്നതായി മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുപ്പ് ദിനത്തില്‍ തന്നെ അടൂര്‍ പ്രകാശ് ദിലീപിനെ പിന്തുണച്ചത് അപക്വമാണ് എന്നാണ് വിമര്‍ശനം. അടൂര്‍ പ്രകാശിന്റെ പ്രസ്താവന തെറ്റായ സന്ദേശം നല്‍കി. ദിലീപിനെ പിന്തുണച്ചുകൊണ്ട് എതിരാളികള്‍ക്ക് ആയുധം നല്‍കുകയായിരുന്നുവെന്നും കോണ്‍ഗ്രസില്‍ വിമര്‍ശനമുയര്‍ന്നു.
നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് അടൂര്‍ പ്രകാശ് പ്രസ്താവന തിരുത്തിയത്. നടിയെ ആക്രമിച്ച കേസില്‍ വിധി വന്നതിന് പിന്നാലെ ദിലീപിന് നീതി ലഭ്യമായി എന്നാണ് അടൂര്‍ പ്രകാശ് ആദ്യം പറഞ്ഞത്. പരാമര്‍ശം വിവാദമായതോടെ തിരുത്തലുമായി അദ്ദേഹം രംഗത്തെത്തി.