Kerala
അടിമാലിയിലെ മറിയക്കുട്ടിക്ക് കോൺഗ്രസ് നേതാവിന്റെ റേഷൻ കടയിൽ വിലക്ക് എന്ന് പരാതി
മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക് എന്ന് പരാതി. അടിമാലിയിലെ ARD 117 എന്ന റേഷൻ കടയിലാണ് മറിയക്കുട്ടിവിലക്ക് നേരിട്ടത്. സാധനങ്ങൾ വാങ്ങാൻ എത്തിയ മറിയക്കുട്ടിയോട് ബിജെപിക്കാരുടെ കടയിൽ പോകാൻ ജീവനക്കാർ പറഞ്ഞുവെന്നും മറിയക്കുട്ടി ആരോപിച്ചു.
കോൺഗ്രസ് നേതാവിന്റെ കടയിൽ നിന്നാണ് വിലക്ക് ഉണ്ടായതെന്ന് മറിയക്കുട്ടി പറഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർക്കും സപ്ലൈ ഓഫീസർക്കും പരാതി നൽകി. ക്ഷേമ പെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച ആളാണ് മറിയക്കുട്ടി.
എന്നാൽ ആരോപണം നിഷേധിച്ച് റേഷൻകട ജീവനക്കാരൻ രംഗത്തെത്തി. ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞിട്ടില്ല. മറിയകുട്ടി എത്തിയപ്പോൾ തിരക്ക് ഉണ്ടായിരുന്നു. നെറ്റ്വർക്കിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് തിരികെ പോകുകയാണ് ചെയ്തത്. രാഷ്ട്രീയം കലർത്തിയുള്ള സംഭാഷണം ഉണ്ടായില്ല എന്നും ജിൻസ് ജോസഫ് പറഞ്ഞു.
അതേസമയം ക്ഷേമപെൻഷൻ മുടങ്ങിയതിൽ അടിമാലിയിൽ ഭിക്ഷ യാചിച്ച് സമരം ചെയ്ത മറിയക്കുട്ടി മാസങ്ങൾക്ക് മുമ്പാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. തൊടുപുഴയിൽ നടന്ന വികസിത കേരളം കൺവെൻഷൻ പരിപാടിയിലാണ് മറിയക്കുട്ടി ബിജെപി മെമ്പർഷിപ്പ് സ്വീകരിച്ചത്. നേരത്തെ വിവാദങ്ങൾ ഉണ്ടായതിന് പിന്നാലെ മറിയകുട്ടിക്ക് കെപിസിസി വീട് നിർമ്മിച്ച് നൽകിയിരുന്നു.