Kerala
ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു
ബെംഗളൂരു: അമിതവേഗതയിൽ നിയന്ത്രണം വിട്ടെത്തിയ ആംബുലൻസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം.
ബെംഗളൂരു സ്വദേശികൾ ആയ ഇസ്മയിൽ(40) ഭാര്യ സമീൻ ബാനു(33) എന്നിവർ ആണ് ശനിയാഴ്ച ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. നഗരത്തിലെ റിച്ച്മണ്ട് സർക്കിളിന് സമീപം രാത്രി പതിനൊന്ന് മണിയോടെ ആയിരുന്നു സംഭവം.
റെഡ് സിഗ്നലിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് നേരെ ആംബുലൻസ് അപ്രതീക്ഷിതമായി പാഞ്ഞടുക്കുകയായിരുന്നു. സിഗ്നലിലുണ്ടായിരുന്ന മൂന്ന് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച ശേഷം ആംബുലൻസ് പോലീസ് ഔട്ട്‌പോസ്റ്റിൽ ഇടിച്ച് കയറുകയായിരുന്നു.
ഡിയോ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന ഇസ്മയിലും ഭാര്യ സമീൻ ബാനുവും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.