Kerala
കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്
കൊല്ലം: കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ടു പിന്നോട്ടുവന്ന കാർ 15 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കൊല്ലം അക്കോണം പൂവണത്തുമൂട് റോഡിൽ ആയിരുന്നു സംഭവം. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അക്കോണം സ്വദേശികളായ അബ്ദുസലാമിനെയും ഭാര്യ റഷീദ എന്നിവരെയാണ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചത്. കാറിലുണ്ടായിരുന്ന അബ്ദുസലാമിന്‍റെ മകള്‍ ഷഹന ഷഹനയുടെ ഏഴു വയസുള്ള കുട്ടി എന്നിവർക്കും അപകടത്തിൽ പരിക്കേറ്റു. എന്നാൽ ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
വ്യാഴാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. കുടുംബവുമായി ചടയമംഗലത്ത് പോയിട്ട് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ അക്കോണം പൂവണത്തുമൂട് റോഡിൽ വെച്ചാണ് കയറ്റം കയറുന്നതിനിടെയാണ് കാര്‍ പിന്നോട്ട് ഉരുണ്ടത്. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം 15 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.