Kerala
കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു
കൊല്ലം കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് പരിക്കേറ്റ ഒരു യുവതി കൂടി മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇന്ന് രാവിലെ പനവേലിയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തുനിന്നവരുടെ ഇടയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.
പനവേലി സ്വദേശിയായ നഴ്സ് സോണിയയുടെ മരണത്തിന് പിന്നാലെയാണ് 23കാരിയായ ശ്രീക്കുട്ടിയും മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. ചികിത്സയിലിരിക്കേയാണ് ശ്രീക്കുട്ടി മരിച്ചത്. അപകടത്തിൽ വിജയൻ ( 65) എന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച സോണിയയും ശ്രീക്കുട്ടിയും പനവേലി സ്വദേശിനികളാണ്. നഴ്സായ സോണിയ ആശുപത്രിയിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്നു. വാനിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകട കാരണമെന്ന് സംശയം ഉയരുന്നുണ്ട്. അപകടത്തിന് ശേഷം വാൻ ഡ്രൈവർ രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.