Kerala
മന്ത്രിയുടെ പേര് സജി ‘ചൊറിയാൻ’ എന്നാക്കണം; അബിൻ വർക്കി
കൊച്ചി: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. സിപിഐഎം വര്‍ഗീയ വിഷം ചീറ്റുന്ന ഫാക്ടറി ആയി മാറിയെന്ന് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.
നാടിനെ വിഭജിച്ച് വോട്ട് പിടിക്കാനുള്ള കുടില തന്ത്രമാണെന്നും മന്ത്രി സജി ചെറിയാന്റെയും മുതിര്‍ന്ന നേതാവ് എ കെ ബാലന്റെയും വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ അബിന്‍ വര്‍ക്കി പ്രതികരിച്ചു.
വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപിയെ തോല്‍പ്പിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. ബിജെപിക്കാര്‍ പോലും പറയാന്‍ മടിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സജി ചെറിയാന്റെ പ്രസ്താവന. സജി ചെറിയാന്‍ എന്ന് മാറ്റി ‘സജി ചൊറിയാന്‍’ എന്ന് ആക്കണം. ആര്‍എസ്എസിന്റെ വാക്കുകളാണ് സജി ചെറിയാന്‍ പറയുന്നത്. മോദി മുന്‍പ് പറഞ്ഞതാണ് സജി ചെറിയാന്‍ ഇപ്പോള്‍ പറയുന്നത്. സജി ചെറിയാന്‍ ആര്‍എസ്എസിന്റെ നാവാണ്’, അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.
ചെങ്ങന്നൂര്‍ നിയമസഭാ മണ്ഡലത്തിലെ സിപിഐഎം ഭരിച്ചിരുന്ന അഞ്ച് പഞ്ചായത്ത് ബിജെപിക്ക് സ്വര്‍ണ്ണ താലത്തില്‍ വച്ച് കൊടുത്തിട്ടാണ് സജി ചെറിയാന്‍ കേരളത്തില്‍ മതേതരത്വം വിളമ്പുന്നതെന്നും അബിന്‍ വര്‍ക്കി വിമര്‍ശിച്ചു.